നെയ്ത്തുകാരൻ

യാളൊരു നെയ്ത്തുകാരനാണെന്നണ് കേട്ടത്. പക്ഷെ, എനിക്കറിയാം അയാളൊരു നല്ല ചിത്രപ്പണിക്കാരനാണ്. എത്ര സുന്ദരമായാണ് അയാൾ ചിത്രങ്ങൾ നെയ്യുന്നത്.

 പല വർണ്ണങ്ങളിലെ നൂലുകൾ സൂചിയുടെ പിറകിലൊളിപ്പിച്ച് തരിശു നിലങ്ങളെ കുത്തി നോവിച്ചു. ചിലപ്പോൾ ആരെയും നോവിക്കാതെ മറ്റ് നൂലുകൾക്കിടയിലൂടെ സൂചി തടവി പോകുന്നതും കണ്ടു. ഒടുക്കം നെയ്ത്തിൻ്റെ വിസ്മയമാണ് രചിക്കപ്പെട്ടത്. കലയെന്നോ വിപ്ലവമെന്നോ എന്ത് പേരിട്ടും വിളിക്കാം.കാരണം, എത്രയെത്ര തരിശ് തുണികളിലാണ് വലിയ വലിയ നദികൾ പിറന്നത്. അവകളങ്ങനെ ഒഴുകി എവിടെയെല്ലാമാണ് പച്ചപ്പ് നിറച്ചത്.

ചിലയിടങ്ങളിൽ അയാൾ നെയ്തത് പറവകളെയാണ്. തളച്ചിട്ട ചങ്ങലകൾ ഭേദിച്ച് കണ്ണെത്താ ദൂരത്തോളം അവകളത്രെയും ഇന്നും പറക്കുന്നു. അയാൾ പോലും കാണാത്ത ലോകങ്ങൾ ഇന്നവർ അയാളിലൂടെ കാണുന്നു.
പരുഷമായ നൂലുകൾ കൊണ്ടായിരുന്നു അയാൾ മലകൾ വരച്ചത്. അതുകൊണ്ടായിരിക്കണം പ്രതിസന്ധികൾ കൊടുങ്കാറ്റ് പോലെ വന്നിട്ടും അവർ ചുവടുറപ്പിച്ച് നിന്നത്.

നൂലുകൾ ഇല്ലാതെയും അയാൾ ചിത്രം നെയ്തിരുന്നു. സ്വാന്തനപ്പെടുത്തലും ചേർത്ത് നിർത്തലുകളും എത്ര പെട്ടെന്നാണ് വലിയ ചിത്രങ്ങളായി രൂപാന്തരപ്പെട്ടത്.


ഇന്നുമയാൾ നെയ്ത്ത് തുടരുകയാണ്. 
അതെ, അയാൾ നെയ്ത്തുകാരനാണ്. അങ്ങനെ തന്നെയിരിക്കട്ടെ. അയാൾ നെയ്ത് കൂട്ടിയതത്രെയും നിറമുള്ള ജീവിതങ്ങളാണ്. എനിക്കും നിനക്കുമുണ്ട് കുത്തി നോവിച്ച ചില നെയ്ത്തുകാർ. ഞാനും നീയും ചിത്രങ്ങളായി മാറുമ്പോൾ മാത്രമാണ് അയാൾ സൂചിക്ക് പിന്നിലൊളിപ്പിച്ച നൂലിൻ്റെ വർണ്ണങ്ങൾ നമ്മൾ കാണുന്നത്.
അങ്ങനെയാണ് നെയ്ത്ത് ഒരു കലയാവുന്നതും നെയ്ത്തുകാരൻ കലാകരനാവുന്നതും. ✨








Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post