സഞ്ചിയേം കൂട്ടി ഇടക്കിടക്ക് മനുഷ്യരെ കാണാൻ പോകാറുണ്ട്.പലപ്പോഴും സ്വന്തം നാട് കടക്കാനുള്ള വണ്ടിക്കൂലി മാത്രം കയ്യിൽ കാണും.ആകെയുള്ള ആഡംബരം കഴുത്തിൽ ചുറ്റി കിടക്കുന്ന തോർത്തായിരിക്കും.
തെരുവുകൾ ഉറങ്ങി കഴിഞ്ഞാൽ എത്തിപ്പെട്ടടുത്ത് അവനും ഉറങ്ങും.കഴുത്തിലെ തോർത്ത് വിരിയായും തോളോട് ചേർന്ന സഞ്ചി തലയിണയായും രൂപാന്തരം പ്രാപിക്കുന്ന നിമിഷമാണത്.
മഴയുള്ള രാത്രികൾ ചിലപ്പൊ വില്ലനാകും.പതിവ് സ്ഥലങ്ങൾ പറ്റാതെ നിർത്തിയിട്ട ബസ്സുകളിൽ അതിക്രമിച്ച് കയറി ശരണം പ്രാപിക്കും.കൊതുകുകളെ ഒഴിവാക്കിയാൽ പുലരുവോളം ശാന്തം.
കേരളത്തേക്കാളും വിപുലമായ ചന്തകൾ ഉത്തരേന്ത്യയുടെ കൂടെപ്പിറപ്പാണ്.രാജസ്ഥാനിലെ ജയ്പൂർ സിറ്റിയിൽ അന്തിയാകുമ്പോഴേക്കും പഴക്കച്ചവടക്കാർ മടങ്ങും.രാവിലെ 100 രൂപക്ക് വിറ്റ പഴങ്ങൾ 20 രൂപക്ക് കിട്ടും.എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നെയും ബാക്കിയായത് വെറുതെ കിട്ടും.ചുരുക്കത്തിൽ അത്താഴ പശ്ണി ഉണ്ടാകില്ലെന്ന് സാരം.
തിരക്കേറിയ നഗരങ്ങളിലെ തെരുവുകളിൽ അന്തിയുറക്കം എളുപ്പമാണ്.എങ്കിലും സ്ഥിരം താമസക്കാരൻ ഉണ്ടെങ്കിൽ മാറിക്കൊടുക്കേണ്ടി വരും.അവരിൽ ചിലർ ഒന്നുമറിയാത്ത പോലെ അതിഥിയെ സൽക്കരിക്കും.
ജയ്പൂരിൽ നിന്നും 100 കിലോമീറ്റർ അകലെ ഒരു ലക്ഷ്യ സ്ഥാനം കണ്ടു.പിറ്റേന്ന് നടന്ന് തുടങ്ങി.കൈ കാണിക്കുന്നവരിൽ ചിലർ കൂടെ കൂട്ടും.പിന്നെയും എവിടെയൊക്കെയോ എത്തും.ചില തണലുകൾ കാണുമ്പോൾ ഉറങ്ങി പോകും.
ഉച്ചയാകുമ്പൊഴേക്കും കയ്യിലെ വെള്ളം കഴിഞ്ഞിട്ടുണ്ടാകും.
അപ്പോഴാണ് ചില മനുഷ്യൻമാരെ കാണുക.അവർ വഴിയരുകിൽ തണുത്ത വെള്ളം വീപ്പയിൽ ശേഖരിച്ച് വഴിയാത്രക്കാരെ വേണ്ടുവോളം കുടിപ്പിക്കുന്നുണ്ടാകും.ചില സമയങ്ങളിൽ ആ വെള്ളത്തിന് അമൃതിന്റെ സ്വാദാണ്.കാലിയായ കുപ്പികളെ പോലും മറന്ന് തണുത്ത വെള്ളത്തിന്റെ ലഹരിയിൽ അവനിരിക്കാറുണ്ട്.
യാത്രകൾ പിന്നെയും തുടരും....
പിന്നെയും മനുഷ്യരെ കാണും..
അവൻ അവനായി പിന്നെയും നടക്കും..
തോളത്തൊരു സഞ്ചിയും കഴുത്തിലൊരു തോർത്തും കൂടെയുണ്ടാകും...
ചിത്രത്തിൽ : അമൃത് പകരുന്ന മനുഷ്യൻ/ ജയ്പൂർ
🖤#മജ്നു🖤