കാടണയുന്ന നേരം

കാടണയാൻ പൂതി തുളുമ്പുന്ന നേരങ്ങളിൽ കെട്ടുപാടുകൾ മറന്ന് കുന്നുകയറും.

കാട്ടിലേക്കുള്ള ഓരോ യാത്രകളും ഓരോ വിരുന്നുകളായി മാറുകയാണ് പതിവ്. അത്രമേലുള്ള ഇഷ്ടങ്ങൾ തന്നെയാണ് ഓരോ വിരുന്നിന്റെയും കാമ്പ്.

ചില വിരുന്നുകളിൽ മുറിവുകൾ ബാക്കിയായാലും പ്രണയത്തിന്റെ മറ്റൊരു ഭാവമായി നോവുകൾ മാറുകയാണ്.

പുൽക്കാട്ടിലെ പ്രഭാതം വല്ലാത്ത ചേലാണ്. തലക്ക് തൊട്ട് മീതെ ആകാശം വിരിഞ്ഞ് നിൽപ്പുണ്ടാകും.കണ്ണിന്റെ കാഴ്ചകൾ മുടക്കി കോടമഞ്ഞ് സ്ഥലം കയ്യേറാൻ അധിക സമയം വേണ്ടി വരില്ല. പുൽ നാമ്പിലെ മഞ്ഞ് തുള്ളികൾ തെറിച്ചാൽ മഴവില്ല് വിരിയുന്നതും കാണാം.

ഇടതൂർന്ന കാട്ടിലെ നേർത്ത അരുവികൾക്ക്‌ അരികിൽ കണ്ണുമടച്ച് കുറച്ച് നേരം ഇരിക്കണം.നീയും കാടും തനിച്ചാവുന്നിടത്ത് തന്നെയാണ് പ്രണയം പൂവിടുന്നത്. അവിടെയാണ് ഭൂതമോ ഭാവിയോ ചിന്തയിലില്ലാത്ത പച്ച മനുഷ്യനായി നീ മാറുന്നത്.

രാത്രിയിൽ മൊട്ടക്കുന്നിന്റെ മുകളിൽ തീയും കാഞ്ഞ് കിടക്കണം. ആകാശത്തെ നക്ഷത്രങ്ങളെ ചേർത്ത് വെച്ച് ചിത്രങ്ങൾ വരക്കണം.വീശിയടിക്കുന്ന കാറ്റിൽ സംഗീതം കേൾക്കണം.പറ്റുമെങ്കിൽ ഉച്ചത്തിൽ കൂകണം.

എല്ലാം കഴിഞ്ഞ് ചുട്ടു പൊള്ളുന്ന വേനലിലും കാട് കയറണം. തണലിട്ട ചില മരങ്ങളെങ്കിലും തളർന്നിട്ടുണ്ട്.വറ്റിയ അരുവികൾ സംഗീതം മറന്നിട്ടുണ്ട്.വീശിയടിക്കുന്ന കാറ്റ് ആശ്വാസ വരികൾ മറന്നിട്ടുണ്ട്.

എങ്കിലും നീ പോകണം.നടന്നിട്ട് കാലുകൾ തളരണം.വേരുകൾ പൊട്ടിച്ച് തെളിനീര് കുടിക്കണം.
അന്നും കുന്നുകൾ കീഴടക്കി ഉറക്കെ കൂകണം.
ചുറ്റും നിന്റെ കൂക്ക് വിളികൾ ആഞ്ഞടിക്കും.ആരൊക്കെയോ നിന്നെ കേൾക്കുന്നുണ്ട് എന്ന് തോന്നും.
ആ തോന്നലുകൾ നിന്നെ പിന്നെയും കാട്ടിലേക്ക് വിളിക്കും...
ഒന്ന് തനിച്ചിരിക്കാൻ..
പ്രണയം പറയാൻ..
നിന്നെ അറിയാൻ..
ഇടക്കൊക്കെ കാട് കയറണം..

ചിത്രം: പണ്ടൊരിക്കൽ കാട്ടിലൊരിടത്ത്🥰🥰
💚💚💚💚💚💚

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post