കഥ പറയുന്ന മുഖങ്ങൾ.!!


       ത്തിൻഡിയിലെ വിശാലമായ മക്ക മസ്ജിദിൻ്റെ ചാരത്ത് പല നിറങ്ങളിലെ കളിപ്പാട്ടങ്ങൾ നിരത്തി വെച്ചു. തിളങ്ങി നിൽക്കുന്ന കടും ചുവന്ന കളിപ്പാട്ടക്കൊമ്പ് അയാൾ തലയിൽ വെച്ചിരിക്കുന്നു. 
കൈകൾ കൊണ്ട് പമ്പരവും കറക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പോലെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ച് കാണിച്ചു. വഴിയിലൂടെ നടക്കുന്ന കുട്ടികൾ ഇമ വെട്ടാതെ അയാളെ തന്നെ നോക്കുന്നുണ്ട്. കയ്യിലെ പിടി മുറുക്കി ഉമ്മമാർ മുന്നോട്ട് വലിക്കുന്നുമുണ്ട്.ആരും വാങ്ങുന്നതായി കണ്ടില്ല.
അയാളങ്ങനെ പല നിറത്തിൽ പിന്നെയും കളിച്ച്കൊണ്ടേയിരുന്നു.അപ്പോഴൊക്കെ ഒരു പ്രതീക്ഷയുടെ മുഖമായിരുന്നു അയാൾക്ക്.
 
           അന്തിച്ചോപ്പ് മാനത്ത് നിന്ന് മാഞ്ഞ് തുടങ്ങി. അയാളുടെ മുഖവും വാടി തുടങ്ങി. വഴിയോരത്തെ തിരക്ക് കുറഞ്ഞു. അയാൾ തനിച്ചാകാൻ തുടങ്ങി. തൻ്റെ ഭാണ്ഡക്കെട്ടിലേക്ക് നിറങ്ങളെല്ലാം തിരികെ അടുക്കി വെച്ചു.അപ്പോഴേക്കും അയാളുടെ മുഖം മാറി തുടങ്ങിയിരുന്നു..

പകലന്തിയോളം അയാൾ കളിപ്പാട്ടങ്ങളുടെ നിറക്കൂട്ടിനിടയിൽ ചിരിച്ചപ്പോഴും വെള്ളമല്ലാതെ ഒരു വറ്റ് ഇറക്കുന്നതായി ചുറ്റുമുള്ളവർ കണ്ടില്ല.
ഒന്നുറപ്പാണ്;
ഇന്നേരവും പ്രതീക്ഷയുടെ മുഖവും പേറി കാത്തിരിക്കുന്ന അയാളുടെ കുടുംബത്തിന് അയാളുടെ പട്ടിണി നൽകിയ ലാഭം കൂട്ടുണ്ട്.

അതെ,
ചില മുഖങ്ങൾ കഥ പറയാറുണ്ട്.!!!

ചിത്രത്തിൽ: നായകൻ
©മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post